കൊച്ചി: 2025ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ചെറുകഥാകൃത്തും നോവലിസ്റ്റും കവിയുമായ എൻ. പ്രഭാകരന്. മായാമനുഷ്യർ എന്ന നോവലിനാണ് പുരസ്കാരം. ഒരു ലക്ഷംരൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
മാർച്ച് 31ന് ഡൽഹിയിൽവെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ, ഡോ. കെ. ജയകുമാർ, ഡോ. പത്മനാഭൻ കാവുമ്പായി എന്നിവരായിരുന്നു മലയാളത്തിൽനിന്നുള്ള ജൂറി അംഗങ്ങൾ.
24 ഇന്ത്യൻ ഭാഷകളിൽനിന്നായി തിരഞ്ഞെടുത്ത എട്ട് കവിതാസമാഹാരങ്ങൾ, നാല് നോവലുകൾ, ആറ് ചെറുകഥാ സമാഹാരങ്ങൾ, രണ്ട് ലേഖനങ്ങൾ, ഒരു വിമർശനകൃതി, ഒരു ജീവചരിത്രം, രണ്ട് ഓർമക്കുറിപ്പുകൾ എന്നിവയാണ് 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയത്.